കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് എതിരായ നിലപാട് തിരുത്തി മഹാരാജാസ് കോളജ്. ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തെന്ന മുൻ നിലപാടാണ് കോളജ് അധികൃതർ മാറ്റിയത്. മാധ്യമങ്ങൾക്ക് നൽകിയ രേഖയിൽ ആശയകുഴപ്പമുണ്ടെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം.

എൻഐസി രേഖയുടെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. എൻഐസിയുടെ നിർദേശപ്രകാരം മഹാരാജാസ് കോളജിലെ പരീക്ഷാ സെമസ്റ്റർ വിവരങ്ങളെല്ലാം അധ്യാപകർ തന്നെയാണ് സൂക്ഷിക്കുന്നത്. ഇങ്ങനെയുണ്ടായ ഒരു സാങ്കേതിക പ്രശ്നമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നും കോളജ് അധികൃതർ വിശദമാക്കി.

അതേസമയം, മാർക്ക് ലിസ്റ്റുമായി ബന്ധപ്പെട്ടുണ്ടായത് സാങ്കേതികപ്പിഴവല്ലെന്നും കരുതിക്കൂട്ടിയുള്ള ക്രമക്കേടാണെന്നും വകുപ്പിലെ ചിലർ ഗൂഢാലോചന നടത്തിയാണ് തന്‍റെ പേര് മാർക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നുമുള്ള വാദവുമായി ആർഷോ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തിരുത്തുമായി കോളജ് അധികൃതർ എത്തിയത്.