പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
സ്വന്തം ലേഖകൻ
Tuesday, June 6, 2023 9:33 PM IST
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ തെറ്റ് തിരുത്തി മഹാരാജാസ് കോളജ് അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി.
എംഎ വിദ്യാർഥിയായ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്നാണ് കോളജ് അധികൃതർ ഇപ്പോൾ നൽകുന്ന വിശദീകരണം. ആദ്യത്തെ ഫലം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജയിച്ചെന്ന മാര്‍ക്ക് ലിസ്റ്റ് എൻഐസിക്കുണ്ടായ സാങ്കേതിക പിഴവാണെന്നാണ് കോളജിന്റെ വിശദീകരണം.
നേരത്തേ, ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായത്. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല.
എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിരുന്നില്ല.