രാഹുൽ ഗാന്ധി വൈറ്റ് ഹൗസ് സന്ദർശിച്ചുവെന്ന് റിപ്പോർട്ട്
വെബ് ഡെസ്ക്
Thursday, June 8, 2023 6:34 PM IST
ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വൈറ്റ് ഹൗസ് സന്ദർശിച്ചുവെന്ന് റിപ്പോർട്ട്.
എന്നാൽ ഇക്കാര്യം കോൺഗ്രസ് പാർട്ടിയോ വൈറ്റ് ഹൗസോ സ്ഥിരീകരിച്ചിട്ടില്ല. രാഹുലിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന്റെ ഉദ്ദേശ്യവും പുറത്തുവന്നിട്ടില്ല.
നേരത്തെ രാഹുൽ തെക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോൺ ലൂ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും ഐടി വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുണ്ട്.
നേരത്തെ യുഎസ് സന്ദർശനത്തിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രാഹുൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ദൈവത്തിന് പോലും ഉപദേശം നൽകുന്നയാളാണ് മോദിയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
പരാമർശത്തിനെതിരേ ബിജെപി കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിലെ സന്ദർശനവേളകളിൽ രാഹുൽ രാജ്യത്തെ ഇകഴ്ത്തുകയാണെന്നായിരുന്നു വിമർശനം. മുൻപും രാഹുൽ ഇത് ചെയ്തിട്ടുണ്ടെന്ന് ബിജെപി കുറ്റപ്പെടുത്തി.