രാഹുലിന് പുതിയ പാസ്പോർട്ട് എടുക്കാം; മൂന്നു വർഷത്തെ എൻഒസി അനുവദിച്ചു
Saturday, May 27, 2023 2:43 AM IST
ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കുന്നതിന് അനുമതി നൽകി ഡൽഹി റോസ് അവന്യു കോടതി. പുതിയ പാസ്പോർട്ട് എടുക്കുന്നതിന് മൂന്നു വർഷത്തെ എൻഒസിയാണു കോടതി നൽകിയത്. മൂന്നു വർഷത്തിനുശേഷം എൻഒസിക്കായി രാഹുൽ കോടതിയെ വീണ്ടും സമീപിക്കണം.
പത്തു വർഷത്തേക്കാണു രാഹുൽഗാന്ധി പുതിയ പാസ്പോർട്ടിന് അനുമതി തേടിയത്. എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ എംപിമാർക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോർട്ട് തിരികെ നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കൻ യാത്രയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി പുതിയ പാസ്പോർട്ടിന് അപേക്ഷ നൽകിയത്.
രാഹുലിന്റെ പാസ്പോർട്ട് അപേക്ഷയ്ക്ക് അനുമതി നൽകുന്നത് നാഷണൽ ഹെറാൾഡ് കേസ് അന്വേഷണത്തെ ദോഷമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുൻ രാജ്യസഭാംഗം സുബ്രഹ്മണ്യം സ്വാമി കോടതിയിൽ പരാതി നൽകിയത്.
എന്നാൽ, അപകീർത്തി കേസിലുള്ള രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിദേശയാത്ര ചെയ്യുന്നതിനുൾപ്പെടെ തടസങ്ങളില്ലെന്ന് രാഹുലിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു.