പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി
Wednesday, September 27, 2023 10:49 PM IST
കൽപ്പറ്റ: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ ഡി അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം പത്ത് പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെ.കെ. എബ്രഹാമാണ് ഒന്നാം പ്രതി.
ബാങ്കിൽ നിന്ന് 80,000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്.