ജയിലിൽ നിന്ന് സുധാകരന് കത്ത്; കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം രാജിവച്ചു
സ്വന്തം ലേഖകൻ
Friday, June 2, 2023 4:39 PM IST
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ.കെ. ഏബ്രഹാം കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. ജയിലിൽ നിന്നാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരന് അദ്ദേഹം രാജിക്കത്തയച്ചത്. നിരപരാധിത്വം തെളിയിക്കും വരെ മാറി നിൽക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ബാങ്ക് ഭരണ സമിതി പ്രസിഡന്‍റുമായ കെ.കെ. എബ്രഹാം ഉൾപ്പെടെ 10 പേരാണ് വിജിലൻസിന്‍റെ പ്രതി പട്ടികയിൽ ഉള്ളത്. കെ.കെ. ഏബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി എന്നിവർ പുൽപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.
പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രന്‍ നായര്‍ (60) കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് മരിച്ച ജീവനൊടുക്കിയത്.
ഏബ്രഹാം ബാങ്ക് പ്രസിഡന്‍റായിരിക്കെ 2016-17ല്‍ 70 സെന്‍റ് ഈട് നല്‍കി രാജേന്ദ്രന്‍ 70,000 രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ 2019 ല്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു.
24,30,000 രൂപ വായ്പയുണ്ടെന്നായിരുന്നു നോട്ടിസില്‍. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം രാജേന്ദ്രന്‍ അറിയുന്നത്. പിന്നീടിത് പലിശ ഉള്‍പ്പെടെ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയായി. ഇതോടെ അന്നത്തെ കോണ്‍ഗ്രസ് ഭരണ സമിതി തന്‍റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെന്ന് കാണിച്ച് രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.
ഹൈക്കോടതിയിലടക്കം കേസ് നീണ്ടതിനാല്‍ ബാങ്കില്‍ പണയം വെച്ച ഭൂമി വില്‍ക്കാന്‍ രാജേന്ദ്രനായില്ല. പിന്നാലെ രാജേന്ദ്രന്‍ ജീവനൊടുക്കുകയായിരുന്നു.