പയ്യന്നൂരിലെ അധ്യാപികയുടെ കാര്‍ കത്തിച്ചതിലും വിദ്യക്ക് പങ്കെന്ന് കെഎസ്യു
Thursday, June 8, 2023 2:41 PM IST
കണ്ണൂര്‍: അധ്യാപികയുടെ കാര്‍ കത്തിച്ചതിലും കെ. വിദ്യക്ക് പങ്കെന്ന ആരോപണവുമായി കെഎസ്യു. ഇന്റേണല്‍ മാര്‍ക്ക് നല്‍കാത്തതിലുള്ള വിരോധമാണ് പയ്യന്നൂരിലെ അധ്യാപികയുടെ കാര്‍ കത്തിച്ചതിന് പിന്നിലെന്ന ആരോപണമാണ് കെഎസ്യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉയർത്തിയത്.
2016-ലാണ് പയ്യന്നൂരില്‍ ആരോപണത്തിനിടയാക്കിയ സംഭവം നടന്നത്. അന്ന് ബിഎ മലയാളം വിദ്യാര്‍ഥിയായിരുന്ന വിദ്യ പയ്യന്നൂര്‍ കോളജിലെ എസ്എഫ്ഐ ഭാരവാഹിയായിരുന്നു.
വിദ്യക്ക് ഇന്റേണല്‍ മാര്‍ക്കായി ലഭിച്ചത് പത്തില്‍ എട്ട് മാര്‍ക്കായിരുന്നു. പത്തുമാര്ക്കുതന്നെ ലഭിക്കണമെന്ന ആവശ്യവുമായി അധ്യാപികയായ പ്രജിതയെ സമീപിച്ചെങ്കിലും അവർ വഴങ്ങിയില്ല.
ഈ സംഭവമുണ്ടായ അന്നുരാത്രിയിലാണ് കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തക കൂടിയായ അധ്യാപിക താമസിച്ചിരുന്ന തായിനേരിയിലെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയ സംഭവമുണ്ടായത്.
കാറിന്റെ അടിയിലും മുകളിലും ഇന്ധനമൊഴിച്ച് തീകൊളുത്തിയ നിലയിലായിരുന്നു. കാർ പൂർണമായും കത്തി നശിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു.