സിക്കിമിലെ എല്ലാ വാഹനങ്ങളിലും ഓക്സിജൻ കിറ്റുകൾ നിർബന്ധമാക്കുന്നു
Thursday, June 8, 2023 5:42 PM IST
ഗാംഗ്ടോക്ക്: സിക്കിമിലെ എല്ലാ വാഹനങ്ങളിലും ഓക്സിജൻ കിറ്റുകൾ നിർബന്ധമാക്കുന്നു. ഉയർന്ന സ്ഥലങ്ങളിൽ നിരവധി ആളുകൾക്ക് ശ്വാസതടസം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജൂലൈ ഒന്ന് മുതൽ സിക്കിമിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഓക്സിജൻ കിറ്റ് നിർബന്ധമാക്കി.
സിക്കിം ഗതാഗത സെക്രട്ടറി രാജ് യാദവ് ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, വ്യക്തിഗതവും വാണിജ്യപരവുമായ എല്ലാ വാഹനങ്ങൾക്കും പോർട്ടബിൾ ഓക്സിജൻ കിറ്റുകളോ കാനിസ്റ്ററുകളോ നിർബന്ധമാണെന്ന് വ്യക്തമാക്കി.
സിക്കിമിൽ നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. പലതും 10,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നവയാണ്. ലാചെൻ, ലാചുങ്, ഗുരുഡോങ്മർ തടാകം, യംതാങ് എന്നിവ ഇതിൽ ഉൾപ്പെടുന്നവയാണ്.
ഇവിടങ്ങളിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇതിൽ പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും ശ്വസന പ്രശ്നങ്ങൾ നേരിടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വാഹനങ്ങളിൽ സ്ഥാപിക്കുന്ന ഓക്സിജൻ കിറ്റുകളും കാനിസ്റ്ററുകളും സംസ്ഥാന ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തും. അതോടൊപ്പം പോലീസും ഗതാഗത വകുപ്പിന്റെ മോട്ടോർ വെഹിക്കിൾ ഡിവിഷനും വാഹനങ്ങൾ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.