ഭരണ-പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
Monday, December 5, 2022 10:02 PM IST
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തെചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയെന്നാരോപിച്ച് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെയാണ് സഭ നേരത്തെ പിരിഞ്ഞത്.
അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട് പ്രസംഗത്തിനിടെ മന്ത്രി പി.രാജീവ് സംസാരിക്കാന്‍ അനുമതി തേടി.
എന്നാല്‍ വി.ഡി.സതീശന് പ്രസംഗം തുടര്‍ന്നതിനാല്‍ മന്ത്രിയോട് ചെയറിലിരിക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ രാജീവ് ശബ്ദമുയര്‍ത്തി തനിക്ക് സംസാരിക്കണമെന്നാവശ്യപ്പെട്ടതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ബോധപൂര്‍വം തടസപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങളും ബഹളം വച്ചു.
പിന്നീട് ഭരണപക്ഷ അംഗങ്ങളെ ശാന്തരാക്കിയശേഷം സതീശനോട് സ്പീക്കര്‍ പ്രസംഗം തുടരാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ പ്രതിഷേധം തുടര്‍ന്നു.
സഭ അടുത്ത അജണ്ടയിലേക്ക് കടന്നെങ്കിലും പ്രതിഷേധം തുടരുന്നത് മൂലം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.