നിപ ഭീതിയൊഴിയുന്നു; ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെയും ഫലം നെഗറ്റീവ്
Friday, September 29, 2023 8:52 AM IST
കോഴിക്കോട്: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ ഫലം നെഗറ്റീവ്. ആദ്യം രോഗം ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി എടവലത്ത് മുഹമ്മദിന്റെ ഒമ്പത് വയസുള്ള മകന്റെയും ഭാര്യാസഹോദരന്റെയും ഫലമാണ് നെഗറ്റീവായത്.
ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇരുവരും ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് മുഹമ്മദ് നിപ ബാധിച്ച് മരിച്ചത്. പനി ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ രൂക്ഷമായതിന് പിന്നാലെയായിരുന്നു മരണം. എന്നാല്‍ സമാന ലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഡോക്ടര്‍മാര്‍ക്ക് തോന്നിയ സംശയമാണ് നിപ പരിശോധനയിലേക്ക് നീങ്ങിയത്.
നിപ സ്ഥിരീകരിച്ച ഒന്‍പത് വയസുകാരന് ദിവസങ്ങളോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്.