നവകേരള യാത്രയുടെ സുരക്ഷ ജനം ഏറ്റെടുത്തു, അവരെ തടയാനാവില്ല: മന്ത്രി സജി ചെറിയാന്
Friday, December 8, 2023 9:17 AM IST
കൊച്ചി: അങ്കമാലിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ച സംഭവത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്.
നവകേരള ബസിന്റെ മുന്നില്‍ ചാടുന്നവരെ നാട്ടുകാര്‍ പ്രതിരോധിക്കുകയാണ്. അവരെ തങ്ങള്‍ക്ക് തടയാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനമിടിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അത് വച്ച് കലാപം സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവരെ രക്ഷപെടുത്താനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായെന്ന് വരും. അതെങ്ങനെയാണ് മര്ദനമാകുന്നതെന്നും മന്ത്രി ന്യായീകരിച്ചു.
നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ടതിന്റെ ഉത്തരവാദിത്വം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാരല്ല നാട്ടുകാരാണ് പ്രതിരോധിക്കുന്നത്. അവരെ തങ്ങള്‍ക്ക് തടയാന്‍ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.
കരിങ്കൊടി കാണിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.