പി.സി.ചാക്കോയ്ക്കെതിരായ വിമർശനം: തോമസ് കെ. തോമസിന് ശാസന
Wednesday, May 31, 2023 9:05 PM IST
ന്യൂഡല്‍ഹി: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയ്ക്കെതിരെയുള്ള പരസ്യവിമര്‍ശനത്തില്‍ തോമസ് കെ. തോമസ് എംഎല്‍എയ്ക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ താക്കീത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് താക്കീത് നല്‍കിയത്. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഫോറത്തില്‍ പറയണമെന്ന് പവാര്‍ മുന്നറിയിപ്പ് നല്കി.
തന്നെ എന്‍സിപിയില്‍ നിന്ന് പുറത്താക്കാന്‍ ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി തോമസ് രംഗത്തെത്തുകയായിരുന്നു. മന്ത്രി എ.കെ.ശശീന്ദ്രനും ചാക്കോയും ചേര്‍ന്ന് പാര്‍ട്ടിയിലെ അധികാരങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കുകയാണ്.
പാര്‍ട്ടിക്ക് കിട്ടിയ ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങളിലെല്ലാം ഇവരുടെ ആളുകളെ നിയോഗിച്ചു. ആലപ്പുഴയിലെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും എംഎല്‍എ ആരോപിച്ചിരുന്നു.