ഭരണഘടന ഇല്ലാതായാൽ സ്വാതന്ത്ര്യം അവസാനിക്കും: ജസ്റ്റീസ് എൻ. നഗരേഷ്
Sunday, June 4, 2023 9:17 PM IST
തിരുവനന്തപുരം: ഭരണഘടന ഇല്ലാതായാൽ ഇന്ത്യയിൽ ജനങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുമെന്ന് കേരള ഹൈക്കോടതി ജസ്റ്റീസ് എൻ. നഗരേഷ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒരു കൂട്ടം ആളുകൾക്ക് ഭരണഘടനയിലല്ല വിശ്വാസം. അധികാരത്തിലൂടെ ഭരണഘടനയെ വരുതിയിലാക്കാമെന്നാണ് അവർ കരുതുന്നത്. ഇവിടെയിരുന്നു അഭിപ്രായം പറയാനും വിമർശിക്കാനുമാകുന്നത് ഇങ്ങനെയൊരു ഭരണഘടനയുള്ളത് കൊണ്ടാണെന്ന് എല്ലാവരും ഓർക്കണം. ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യങ്ങളാൽ നിറഞ്ഞ നമ്മുടെ രാജ്യം ഒരൊറ്റ രാജ്യമായി അധികകാലം മുന്നോട്ട് പോകില്ലെന്ന് സ്വതന്ത്ര്യം ലഭിച്ച കാലത്ത് ചിലർ പ്രവചിച്ചിരുന്നു. ഈ ഭരണഘടന അതിജീവിക്കില്ലെന്നും അവർ പ്രവചിച്ചിരുന്നു. എന്നാൽ അത്തരം പ്രവചനങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് രാജ്യത്തെ ജനങ്ങൾ. ഭരണഘടനയെ ഉയർത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങൾ മുന്നോട്ടു നീങ്ങുന്ന കാഴ്ച സന്തോഷം തരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.