മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു
Friday, September 20, 2024 10:45 PM IST
കൊല്ലം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണു മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്തികുളങ്ങര പോലീസിൽ കീഴടങ്ങി.
വെള്ളിയാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. കുറച്ചു ദിവസം മുമ്പ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുവീട്ടിലെത്തിയ അരുണും പ്രസാദുമായി സംഘർഷം ഉണ്ടായി. സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
പരിക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.