മഹാരാഷ്ട്ര കോൺഗ്രസിൽ തർക്കം രൂക്ഷം; മുതിർന്ന നേതാവ് രാജിവച്ചു
Tuesday, February 7, 2023 5:54 PM IST
മുംബൈ: മഹാരാഷ്ട്ര കോൺഗ്രസിൽ തർക്കം രൂക്ഷമാവുന്നു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് ബാലസാഹെബ് തോറാട് സ്ഥാനം രാജിവച്ചു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ നാനാ പടോലെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി. നാനാ പടോലെയുമായി യോജിച്ച് പ്രവർത്തിക്കാനാകില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതി അറിയിച്ചതിന് പിന്നാലെയാണ് തോറാട് സ്ഥാനം ഒഴിഞ്ഞത്.
കോൺഗ്രസിന്റെ പ്രധാന നേതാവായിട്ടും തനിക്കെതിരേ പടോലെ പതിവായി ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും തന്റെ സ്വീകാര്യത തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും തോറാട് ആരോപിച്ചു.
എന്നാൽ രാജിയെ കുറിച്ച് അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പടോലെ അറിയിച്ചു.