മധുവധക്കേസിൽ സ്പെഷല്‍ പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം; സങ്കടഹര്‍ജി നല്‍കും
Thursday, September 21, 2023 2:48 PM IST
പാലക്കാട്: അട്ടപ്പാടി മധുവധക്കേസില്‍ അഡ്വ. കെ.പി.സതീശനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ. സര്‍ക്കാര്‍ നടപടി കുടുംബമോ സമരസമിതിയോ അറിയാതെയാണ്. ഇതിനെതിരേ വെള്ളിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ കണ്ട് സങ്കടഹര്‍ജി നല്‍കുമെന്നും മല്ലിയമ്മ അറിയിച്ചു.
മധുവധക്കേസില്‍ ഏഴ് വര്‍ഷം തടവിന് വിധിക്കപ്പെട്ട 13 പ്രതികള്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി കെ.പി.സതീശനെ നിയമിച്ചത്. അഡീഷണല്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി പി.വി.ജീവേഷിനെയും നിയമിച്ചിരുന്നു.
അതേസമയം അഡ്വ പി.വി.ജീവേഷിനെയും മധുക്കേസില്‍ വിചാരണക്കോടതിയില്‍ ഹാജരായ രാജേഷ് എന്‍. മേനോനെയും പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നാണ് തങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് മധുവിന്റെ കുടുംബം പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് കണക്കിലെടുക്കാതെ തീരുമാനമെടുത്തത് പ്രതികളെ സംരക്ഷിക്കാനാണെന്നും കുടുംബം ആരോപിച്ചു.