കരുവന്നൂരിലെ പ്രശ്ന പരിഹാരം; എകെജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ എം.കെ.കണ്ണനും
Saturday, September 30, 2023 11:34 AM IST
തിരുവനന്തപുരം: കരുവന്നൂരിലെ പ്രശ്ന പരിഹാരത്തിനായി കേരള ബാങ്ക് ഫ്രാക്ഷന് എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ എകെജി സെന്ററില്‍ ചേരുന്ന യോഗത്തില്‍ എം.കെ.കണ്ണനും പങ്കെടുക്കുന്നു. കരുവന്നൂരിലെ നിക്ഷേപകര്‍ക്കുള്ള പണം കണ്ടെത്തുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.
കരുവന്നൂര്‍ തട്ടിപ്പില്‍ ഇഡി രണ്ട് വട്ടം ചോദ്യം ചെയ്ത ആളാണ് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന്. ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണന് ചോദ്യങ്ങളില്‍നിന്ന് ഒഴിവാകുകയായിരുന്നെന്ന് ഇഡി വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ശേഷം അറിയിച്ചിരുന്നു.
സാമ്പത്തിക ഇടപാടില്‍ കണ്ണനെതിരേ തെളിവുകളുണ്ട്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കണ്ണനെ ഇനിയും വിളിപ്പിക്കുമെന്നും ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരുവന്നൂര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിളിച്ച യോഗത്തില്‍ കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയായ കണ്ണനും പങ്കെടുക്കുന്നത്.
കേരളാ ബാങ്കിന്റെ റിസര്‍വ് ഫണ്ടില്‍നിന്ന് പണമെടുത്ത് തകര്‍ച്ചയിലായ സഹകരണ സംഘങ്ങളെ കണ്ടെത്തുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാരിനുണ്ട്. ഇത് പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ് ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ഇന്നത്തെ യോഗത്തിലെടുക്കുന്ന തീരുമാനം ഒക്ടോബര്‍ മൂന്നിന് ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ വയ്ക്കും. പിന്നീട് 12ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.