എം.കെ.കണ്ണന് ശരീരത്തിന് വിറയല്‍; ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി
Friday, September 29, 2023 3:39 PM IST
തിരുവനന്തപുരം: കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇഡി. ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണന് ചോദ്യങ്ങളില്‍നിന്ന് ഒഴിവാകുകയായിരുന്നെന്ന് ഇഡി അറിയിച്ചു.
ഇത് നിസഹകരണത്തിന്റെ ഭാഗമായ തന്ത്രമാണെന്ന് സംശയിക്കുന്നതായും ഇഡി വ്യക്തമാക്കി. കണ്ണന് ഒരു ചോദ്യത്തിന് പോലും മറുപടി നല്‍കിയില്ല. ചോദ്യം ചെയ്യല്‍ തുടരാന്‍ കഴിയാത്തതിനാല്‍ ഇയാളെ പറഞ്ഞയയ്ക്കുകയായിരുന്നു.
സാമ്പത്തിക ഇടപാടില്‍ കണ്ണനെതിരേ തെളിവുകളുണ്ട്. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കണ്ണനെ ഇനിയും വിളിപ്പിക്കുമെന്നും ഇഡി അറിയിച്ചു.
അതേസമയം തനിക്ക് ഒരു ആരോഗ്യപ്രശ്നവുമില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ഇഡി ഓഫീസില്‍നിന്ന് പുറത്തുവന്ന കണ്ണന് പ്രതികരിച്ചു. ഇഡിയുടെ പെരുമാറ്റം സൗഹാര്‍ദപരമായിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടാല്‍ എത്തുമെന്നും കണ്ണന് മാധ്യമങ്ങളോട് പറഞ്ഞു.