ലോണ്‍ ആപ്പിന്റെ വായ്പ നിരസിച്ചു; യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി
Tuesday, September 26, 2023 10:56 AM IST
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ വായ്പാ കെണി. ലോണ്‍ ആപ്പ് വാഗ്ദാനം ചെയ്ത ഉയര്‍ന്ന തുകയുടെ വായ്പ എടുക്കാത്തതിന് യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി.
തിരുവല്ല തുകലശേരി സ്വദേശി എസ്. അനില്‍കുമാറാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് ഫേസ്ബുക്കില്‍ കണ്ട ലിങ്ക് വഴി ഇയാള്‍ ഓണ്‍ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു.
വ്യക്തിവിവരങ്ങള്‍ നല്കിയ ശേഷം 9000 രൂപയുടെ ലോണിനുള്ള ഓഫര്‍ ലഭിച്ചു. ഇത് സ്വീകരിച്ചപ്പോള്‍ 4000 രൂപ മാത്രമാണ് അക്കൗണ്ടില്‍ കയറിയത്. ബാക്കി തുക പലിശ ഇനത്തില്‍ പിടിച്ചു.
ഈ പണം തിരിച്ചടച്ച് കഴിഞ്ഞപ്പോള്‍ വീണ്ടും വലിയ തുകയുടെ ഓഫര്‍ ലഭിച്ചു. എന്നാല്‍ തനിക്ക് ലോണ്‍ വേണ്ടെന്ന് അവരെ അറിയിച്ചതിന് ശേഷവും അക്കൗണ്ടില്‍ 40000 രൂപ നിക്ഷേപിച്ചു.
എന്നാല്‍ ലോണ്‍ വേണ്ടെന്ന് അവരോട് തീര്‍ത്ത് പറഞ്ഞു. ഇതിന് പിന്നാലെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് ഇയാളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അശ്ലീലച്ചുവയുള്ള സന്ദേശങ്ങളും അയച്ചെന്നാണ് പരാതി.