വ്യാഴാഴ്ച അർധരാത്രി മുതൽ കേരള തീരത്ത് ട്രോളിംഗ് നിരോധനം
Wednesday, June 7, 2023 5:14 PM IST
വൈപ്പിൻ: വ്യാഴാഴ്ച അർധരാതി 12 മുതൽ കേരള തീരത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കും. 53 ദിനങ്ങൾക്ക് ശേഷം ജൂലൈ 31-നാണ് നിരോധനം അവസാനിക്കുക.
ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി മുനമ്പം, മുരുക്കും പാടം കൊച്ചി മേഖലയിൽ മത്സ്യബന്ധനം നടത്തിവന്ന ട്രോളിംഗ് ബോട്ടുകൾ തീരമണഞ്ഞു തുടങ്ങി. മേയ് മാസം വേനൽ മഴ കുറഞ്ഞതും കാലവർഷം വൈകിയതും മൂലം ഇക്കുറി കടലിൽ മത്സ്യലഭ്യത കുറവായിരുന്നു.
ഇതുമൂലം ഭൂരിഭാഗം ബോട്ടുകളും രണ്ടാഴ്ച മുൻപ് തന്നെ തീരത്തെത്തിയിരുന്നു. ശേഷിച്ച ബോട്ടുകൾ പലതും കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ചയും ഇന്നുമായി എത്തിച്ചേർന്നിട്ടുണ്ട്.
ഏതാനും വലിയ ബോട്ടുകളാണ് ഇനി കരയിലെത്താൻ ശേഷിക്കുന്നത്. ഇവ ഇന്ന് രാത്രിയും വ്യാഴാഴ്ച പകലുമായി ഹാർബറുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ബോട്ടുകൾ പലതും കരയിൽ കെട്ടിയതോടെ തൊഴിലാളികളായ അന്യ സംസ്ഥാനക്കാർ കൂട്ടംകൂട്ടമായി നാട്ടിലേക്ക് തിരിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരെല്ലാം ഇനി ജൂലൈ അവസാനവാരത്തോടെയാകും മടങ്ങിയെത്തുക.