പിഴയിൽ പിഴുതതാ..! വനിതാ ടീമിന്റെ പ്രവർത്തനം അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ്
Tuesday, June 6, 2023 9:33 PM IST
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വനിതാ ടീമിനെ പിൻവലിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പിഴ ചുമത്തിയതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വനിതാ ടീമിന്റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
തീരുമാനം താൽക്കാലികം മാത്രമാണെന്നും ടീം ശക്തമായി തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പ് നൽകി. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വരാതെ വനിതാ ടീമുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും നിലവിലെ സാഹചര്യം പരിഗണിച്ചാണ് കടുത്ത തീരുമാനം എടുക്കേണ്ടിവന്നതെന്നും ക്ലബ്ബ് പറയുന്നു.
കഴിഞ്ഞ സീസണിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് വനിതാ ടീം രൂപീകരിച്ചത്. ലീഗിൽ മൂന്നാമതായി ഫിനീഷ് ചെയ്യാൻ വനിതകൾക്കായി. പുതിയ സീസണിൽ വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനിരിക്കെയായിരുന്നു. പുരുഷ ടീമിനൊപ്പം വനിതാ ടീമിനും വിദേശ പ്രീ-സീസൺ ടൂർ, പ്ലെയർ എക്സ്ചേഞ്ചുകൾ, എക്സ്പോഷർ ടൂറുകൾ എന്നിവയും പദ്ധതിയിട്ടിരുന്നു.
ഐഎസ്എലിൽ ബംഗളൂരു എഫ്സിക്കെതിരായ മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിനു നാലു കോടി രൂപ ബ്ലാസ്റ്റേഴ്സിനു പിഴ ചുമത്തിയിരുന്നു. ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കോച്ച് ഇവാന് വുകോമാനോവിച്ച് കളിക്കാരെ തിരിച്ചുവിളിച്ച് മത്സരം പൂർത്തിയാക്കാതെ മൈതാനം വിടുകയായിരുന്നു.
ഈ നടപടിക്ക് വുകോമാനോവിച്ചിന് വിലക്കും പിഴയും ഫെഡറേഷന് അച്ചടക്ക സമിതി ശിക്ഷ വിധിച്ചു. 10 മത്സരങ്ങളിലെ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമായിരുന്നു വുകോമാനോവിച്ചിച്ച് ശിക്ഷയായി വിധിച്ചത്.
അതേസമയം പുരുഷ ടീമിന് പിഴ ചുമത്തിയതിന് വനിതാ ടീമിനെ പിരിച്ചുവിടുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വനിത ടീം ഗോള്‍കീപ്പര്‍ അതിഥി ചൗഹാന് ട്വീറ്റ് ചെയ്തു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആരാധകരുടെ ഔദ്യോഗിക ഗ്രൂപ്പായ മഞ്ഞപ്പടയും സമൂഹമാധ്യമത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.