കാനം രാജേന്ദ്രൻ അന്തരിച്ചു
Friday, December 8, 2023 5:49 PM IST
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാൽപാദം കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്.
അനാരോഗ്യംമൂലം കാനം രാജേന്ദ്രന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് കാനം രാജേന്ദ്രന്റെ ജനനം. എഴുപതുകളിൽ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്.
1971-ൽ 21-ാം വയസിൽ സിപിഐ സംസ്ഥാന കൗൺസിലിലെത്തി. 1975-ല്‍ എം.എന്‍. ഗോവിന്ദന് നായര്‍, ടി.വി. തോമസ്, സി. അച്യുതമേനോന് എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി. 23-ാം വയസിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പദത്തിലെത്തി.
1982, 87 നിയമസഭാ തെരഞ്ഞെടുപ്പിൽ വാഴൂർ (നിലവിൽ കാഞ്ഞിരപ്പള്ളി) മണ്ഡലത്തിൽ നിന്നും മത്സരിച്ച് നിയമസഭയിലെത്തി. ആദ്യം എം.കെ.ജോസഫിനെയും പിന്നീട് പി.സി.തോമസിനെയുമാണ് തോൽപിച്ചത്.
1991-ൽ രാജീവ്ഗാന്ധി വധത്തിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ പ്രഫ. കെ.നാരായണക്കുറുപ്പിനോട് പരാജയപ്പെട്ടു. പിന്നീടു ഒരു തവണ കൂടി വാഴൂരിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2006-ൽ നാരായണക്കുറുപ്പിന്റെ മകൻ പ്രഫ. എൻ. ജയരാജിനോടും തോൽവി ഏറ്റുവാങ്ങി.
2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ അവധിയിലായിരുന്നു. കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം പരിക്ക് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. തുടർന്ന് അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നിരുന്നു.