സംവിധായകൻ കെ.ജി. ജോർജിന്റെ സംസ്കാരം ഇന്ന്
Tuesday, September 26, 2023 10:18 AM IST
കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം 4.30ന് രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
മൃതദേഹം രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ല കലക്ടർ പുഷ്പചക്രം സമർപ്പിക്കും.
ആറിന് വൈഎംസിഎ ഹാളിൽ മാക്ടയും ഫെഫ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുണ്ടാകും.
ഞായറാഴ്ച രാവിലെയാണ് മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ സംവിധായകനായ കെ.ജി ജോര്‍ജ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയില്‍ വയോജന കേന്ദ്രത്തിലായിരുന്നു ജോര്‍ജ് കുറച്ച് കാലമായി താമസിച്ചിരുന്നത്.
സ്വപ്നാടനം, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകൾ സൽമയാണ് ഭാര്യ.