വിസ്താര വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം; വിദേശ വനിത പിടിയില്‍
Tuesday, January 31, 2023 11:02 AM IST
മുംബൈ: വിമാനത്തിലെ ജീവനക്കാരെ അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത വിദേശവനിത അറസ്റ്റില്‍. ഇറ്റാലിയന്‍ വനിതയായ പൗളാ പെറൂച്ചിയോ(45) ആണ് പിടിയിലായത്.
അബുദാബിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. എക്കണോമിക് ക്ലാസില്‍ ടിക്കറ്റെടുത്ത പൗളാ ബിസിനസ് ക്ലാസില്‍ ഇരുന്നത് കാബിന് ക്രൂ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
മദ്യലഹരിയിലായിരുന്ന സ്ത്രീ ജീവനക്കാരെ ആക്രമിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു. വസ്ത്രങ്ങള്‍ സ്വയം അഴിച്ചു മാറ്റി അര്‍ദ്ധ നഗ്നയായി വിമാനത്തിലൂടെ നടന്നു. ഇതിനെ എതിര്‍ത്തതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
പിന്നീട് കാപ്പ്റ്റന്റെ നിര്‍ദേശപ്രകാരം ഇവരെ കീഴടക്കി ജീവനക്കാര്‍ വസ്ത്രം ധരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ ഇവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു.
വിമാനത്തിലെ കാബിന് ക്രൂവായ എല്‍എസ് ഖാന്റെ പരാതിയില്‍ പോലീസ ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇവരെ അന്ധേരിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.