ഇസ്രായേലിനെ ഇറാൻ ആക്രമിച്ചു; നിരവധിപേർ കൊല്ലപ്പെട്ടു
Tuesday, October 1, 2024 11:02 PM IST
ടെൽഅവീവ്: ഇസ്രായേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണം. ടെൽഅവീവിലുണ്ടായ ആക്രമണത്തിൽ നിരവധിപേർ മരിച്ചു. ടെൽ അവീവിൽ ആക്രമണം നടന്നതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
ഹിസബുള്ള തലവൻ സയ്യിദ് ഹസൻ നസ്റല്ലയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങി. സൈന്യം നല്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ ജനതയോട് ആവശ്യപ്പെട്ടു.
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം. സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് എല്ലാ സാഹയവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
ഇറാന്റെ ആക്രമണത്തെ തുടർന്ന് വൈറ്റ് ഹൗസിൽ ജോ ബൈഡന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.