യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും നൊബേൽ ജേതാവുമായ ഹെൻറി കിസിൻജർ അന്തരിച്ചു
Thursday, November 30, 2023 10:11 AM IST
വാഷിംഗ്ടണ്‍ ഡിസി: നൊബേല്‍ സമ്മാന ജേതാവും അമേരിക്കന്‍ മുന്‍ സേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിന്‍ജര്‍(100) അന്തരിച്ചു. കണക്ടിക്കട്ടിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
നയതന്ത്രജ്ഞന്, രാഷ്ട്രീയക്കാരന്, രാഷ്ട്രീയ തത്വചിന്തകന്‍ എന്നിങ്ങനെ വിവിധ തലങ്ങളിൽ സുപ്രധാന സംഭാവനകൾ നൽകിയ കിസിൻജർ, അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ധാര്‍മികാശയങ്ങള്‍ക്കുപരിയായി പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെടുന്നത്.
വിയറ്റ്നാം യുദ്ധകാലത്ത് കംബോഡിയയില്‍ അമേരിക്ക ബോംബിട്ടത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ചിലിയിലെയും അര്‍ജന്റീനയിലേയും പട്ടാള അട്ടിമറികളെ അദ്ദേഹം പിന്തുണച്ചു. 1973-ല്‍ നോബേല്‍ സമ്മാനം ലഭിച്ചു.
വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ച പാരീസ് ഉടമ്പടിരൂപം നല്‍കുന്നതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ഹെൻറി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 1973ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
നൂറാം വയസിലും രാഷട്രീയരംഗത്തും മറ്റും നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സെനറ്റിന് മുന്‍പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.
1923 മേയ് 27ന് ജർമനിയിലെ ഫുർത്തിലാണ് ജനനം. 1938ൽ കുടുംബത്തിനൊപ്പം യുഎസിലെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് യൂറോപ്പിൽ യുഎസിനുവേണ്ടി യുദ്ധം ചെയ്തു.
പിന്നീട് ഹാർവഡ് സർവകലാശാലയിൽനിന്ന് സ്കോളർഷിപ്പിൽ 1952ൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. പിന്നീട് 17 കൊല്ലം ഹാർവഡിൽ പഠിപ്പിച്ചു.
1954ൽ ഡോക്ടറേറ്റ് നേടി. അന്ന് വിവിധ സർക്കാർ ഏജൻസികളുടെ കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് സർക്കാർ പദവിയിലേക്ക് എത്തുന്നത്.