ഇഗാ യുഗം; ഇഗ ഷ്യാങ്ടെക്കിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
Saturday, June 10, 2023 11:04 PM IST
പാരീസ്: പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിൾസ് ജേതാവ്. ചെക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവയെ പരാജയപ്പെടുത്തി, ഇഗ തുടർച്ചയായ രണ്ടാം തവണയും റോളങ് ഗാരോസിന്റെ രാജകുമാരിയായി. ഇഗയുടെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത്.
2020, 2022 സീസണിലും ഇഗ ചാന്പ്യനായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു പോളിഷ് താരത്തിന്റെ ജയം. സ്കോർ: 6-2, 5-7, 6-4.
ആദ്യ സെറ്റ് ഇഗ അനായാസം സ്വന്തമാക്കി. ചാന്പ്യൻഷിപ്പിൽ ഇതുവരെ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഫൈനലിൽവരെ എത്തിയ ഇഗയ്ക്കു രണ്ടാം സെറ്റിൽ കാലിടറി. മുചോവ ശക്തമായി തിരിച്ചുവന്നു. ആദ്യ ഗ്രാൻസ്ലാം ഫൈനൽ കളിക്കുന്ന ചെക് താരം പോളിഷ് സുന്ദരിക്ക് ചെക്ക് വച്ചു.
എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ ലോക ഒന്നാം നമ്പർ താരത്തിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ മുചോവ മുട്ടുമടക്കി. ആധികാരിക ജയത്തോടെ റോളങ് ഗാരോസിൽ ഇഗ പോളിഷ് വസന്തം തീർത്തു.