ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം; മുഖ്യമന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിച്ച് ക്രൈസ്തവസഭ
Saturday, October 1, 2022 12:50 PM IST
തിരുവനന്തപുരം: ഞായറാഴ്ച സ്കൂളുകള്‍ പ്രവൃത്തി ദിവസമാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ക്രൈസ്തവസഭ. വിവിധ സഭയുടെ മേലധ്യക്ഷന്മാര് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് പ്രതിഷേധമറിയിച്ചു.
വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ച ലഹരിവിരുദ്ധ യോഗത്തിലാണ് പ്രതിഷേധമറിയിച്ചത്. ലഹരി വിരുദ്ധ ബോധവത്കരണത്തെ പിന്തുണയ്ക്കുന്നെന്നും എന്നാല്‍ അത് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റണമെന്നും സഭാ നേതാക്കള്‍ അറിയിച്ചു.
അതേസമയം പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നെന്നും എന്നാല്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
ഗാന്ധിജയന്തി ദിനമായതിനാലാണ് ഈ ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ദിവസത്തിന്റെ പ്രാധാന്യം പരിഗണിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ് ലക്ഷ്യം.
മതപരിശീലനവും, മതപരവുമായ ചടങ്ങുകളുമുള്ളതിനാല് ഞായറാഴ്ചത്തെ പരിപാടിയോട് യോജിക്കാനാവില്ലെന്നാണ് ക്രൈസ്തവ സഭകളുടെ നിലപാട്. തീരുമാനത്തിനെതിരെ കെസിബിസി അടക്കമുള്ള സംഘടനകള്‍ ആദ്യം തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
വിവിധ ക്രൈസ്തവ സഭാ മാനേജ്മെന്റുകള്‍ക്കു കീഴിലുള്ള സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.