"പിണറായി വ്യാജൻ' സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി
Wednesday, June 7, 2023 5:52 PM IST
തിരുവനന്തപുരം: "പിണറായി വ്യാജൻ' സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും എന്തുമാകാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്എഫ്ഐ നേതാക്കൾ യൂണിയൻ ഭാരവാഹികളാവുന്നു. സർവകലാശാല പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാക്കൾ പരീക്ഷ പാസാവുന്നു. ഡിവൈഎഫ്ഐക്കാർ വ്യാജരേഖ ചമച്ച് ഡോക്ടറേറ്റ് നേടുന്നു.
വ്യാജൻമാരുടെ പാർട്ടിയാണ് കേരളം ഭരിക്കുന്നത്. എല്ലാം വെറും സാങ്കേതികപ്പിഴവാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. എന്തുകൊണ്ടാണ് എസ്എഫ്ഐക്കാർക്ക് മാത്രം സാങ്കേതികപ്പിഴവ് ഉണ്ടാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.