ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില അഭിഭാഷകര്‍; വീഡിയോയുമായി ഒളിവിലുള്ള അഖില്‍ സജീവ്
Friday, September 29, 2023 10:56 AM IST
പത്തനംതിട്ട: ജീവന് ഭീഷണിയുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിലെ ഇടനിലക്കാരന് അഖില്‍ സജീവ്. ഒളിവിലുള്ള ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം ആരോപിക്കുന്നത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാസിത്, ലെനിന് തുടങ്ങിയ അഭിഭാഷകരാണ്. ഇവരാണ് ഹരിദാസില്‍നിന്ന് പണം വാങ്ങിയത്. തനിക്ക് ക്രൂരമായി മര്‍ദനമേറ്റെന്നും ഇയാള്‍ ആരോപിച്ചു.
അവര്‍ തന്നെ ദിവസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. മണിമലയിലെത്തിച്ച് പൂട്ടിയിട്ടപ്പോള്‍ പോലീസിന്റെ സഹായത്തോടെയാണ് രക്ഷപെട്ടത്. മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പേരിലാണ് താന്‍ പഴി കേള്‍ക്കുന്നതെന്നും ഇയാള്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ നല്കിയ തങ്ങളെ അഖില്‍ സജീവ് കോഴ ആവശ്യപ്പെട്ട് ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ ആരോപണം. ഇടനിലക്കാരനായ ഇയാള്‍ക്ക് 75000 രൂപയും മന്ത്രി വീണയുടെ പേഴ്സണല്‍ സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും കൈക്കൂലിയായി നല്‍കിയെന്നും ഇയാള്‍ ആരോപിച്ചിരുന്നു.