നിയമന കോഴക്കേസ്; അഖിലിന്റെ പരാതി അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ മൊഴിയെടുത്തു
Friday, September 29, 2023 10:23 AM IST
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണസംഘം പരാതിക്കാരനായ ഹരിദാസന്റെ വീട്ടിലെത്തി. കന്റോണ്‍മെന്റ് എസ്ഐ ഷെഫിനും മറ്റൊരു ഉദ്യോഗസ്ഥനും ചേര്‍ന്ന് ഇയാളുടെ മൊഴിയെടുക്കുകയാണ്.
വ്യാജപരാതിയാണെന്ന് കാട്ടി ആരോപണവിധേയനായ അഖില്‍ മാത്യു നല്കിയ പരാതിയിലാണ് പോലീസ് ഹരിദാസന്റെ മൊഴിയെടുക്കുന്നത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിന് ഒരു ലക്ഷവും ഇടനിലക്കാരനായ സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവിന് 75,000 രൂപയും കൈമാറിയെന്നാണ് മലപ്പുറം സ്വദേശി ഹരിദാസന് മന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്.
ഇതിന് പിന്നാലെ ഇത് വ്യാജപരാതിയാണെന്ന് കാട്ടി അഖില്‍ മാത്യു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ പേരുപയോഗിച്ച് തന്നെയും മന്ത്രി വീണയേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഹരിദാസനില്‍ നിന്നും മറ്റാരോ പണം കൈപ്പറ്റിയെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു അഖിലിന്റെ പരാതി. ഈ പരാതിയിലാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്.
ഹരിദാസന് തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കൈമാറിയെന്ന് പറയുന്ന സമയത്ത് അഖില്‍ മാത്യു പത്തനംതിട്ടയില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങിലായിരുന്നെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.