അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്; നാല് പേർ അറസ്റ്റിൽ
Sunday, May 28, 2023 5:51 AM IST
കോൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അജിത് മഹാതോ, അനിത് മഹാതോ, മൻമോഹിത് മഹാതോ, അനുപ് മഹാതോ എന്നിവരാണ് അറസ്റ്റിലായത്.
അനൂപ് ജാർഗ്രാം ജില്ലയിലെ മണിക്പാറ സ്വദേശിയാണ്. മറ്റ് മൂന്ന് പേർ ഗഡ് സാൽബോണി സ്വദേശികളാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കല്ലേറിൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മന്ത്രി
ബിർബഹ ഹൻസ്ദയുടെ വാഹനവും തകർന്നിരുന്നു.
ഝാർഗ്രാം ടൗണിൽ റോഡ്ഷോ നടത്തിയതിന് ശേഷം ലോധസൂലിക്ക് സമീപമുള്ള ഗജിമുളിലേക്ക് പോകുന്നതിനിടെയാണ് അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്.
കല്ലേറിൽ ഹൻസ്ദയ്ക്കും വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങൾക്കും കല്ലേറിൽ കേടുപാട് സംഭവിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.