ആര്‍ഷോയ്ക്ക് തിരിച്ചടി; അധ്യാപകനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് എക്സാമിനേഷന് കമ്മിറ്റി
Friday, June 9, 2023 1:59 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ അധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പരാതിയില്‍ കഴമ്പില്ലെന്ന് എക്സാമിനേഷന് കമ്മിറ്റി റിപ്പോര്‍ട്ട്. കെഎസ്യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധ്യാപകന് ഇടപെട്ടെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കമ്മറ്റിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് പ്രിന്‍സിപ്പലിന് കൈമാറി.
കോളജിലെ ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്ററായ വിനോദ് കുമാര്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഇടപെട്ടതിനേതുടര്ന്ന് ആര്‍ദ്ര എന്ന വിദ്യാര്‍ഥിനിക്ക് 12 മാര്‍ക്ക് കൂടുതല്‍ കിട്ടിയെന്നായിരുന്നു ആരോപണം. എന്നാല്‍ പുനര്‍മൂല്യനിര്‍ണയത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
18 മാര്‍ക്ക് ഉണ്ടായിരുന്ന കുട്ടിക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍ 30 മാര്‍ക്ക് കിട്ടിയതില്‍ അസ്വാഭാവികത ഉണ്ടെന്ന് പറയാനാകില്ല. ഇത് സാധാരണ സംഭവിക്കുന്ന കാര്യമാണ്.
പുനര്‍മൂല്യനിര്‍ണയം നടത്തിയത് കോളജിന് പുറത്തുള്ള അധ്യാപകനാണ്. 15 ശതമാനത്തില്‍ അധികം മാര്‍ക്ക് വര്‍ധന വന്നാല്‍ മാത്രമേ ഇത് പുനഃപരിശോധിക്കേണ്ടതുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.