ഷിരൂരിൽ തെരച്ചിൽ നടത്തിയ ഡ്രോൺ വയനാട്ടിലെത്തിക്കും
Thursday, August 1, 2024 10:32 PM IST
കല്‍പ്പറ്റ: വയനാട് ദുരന്തത്തിൽ നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ ഷിരൂരിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ എത്തിക്കും. മണ്ണിനടിയിലെ ശരീരഭാഗങ്ങൾ കണ്ടെത്താൻ ഈ ഡ്രോണിന് സാധിക്കും. ഈ ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമാണെന്ന് അധികൃതർ പറയുന്നു.
അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അനൗദ്യോഗിക കണക്കനുസരിച്ച് 289 ആയി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി 240 പേരെയാണ് കണ്ടെത്താനുള്ളത്. കാണാതായവരിൽ 29 കുട്ടികളും ഉൾപ്പെടും. മലവെള്ളപ്പാച്ചിൽ തകർത്ത മുണ്ടക്കൈയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചു.
മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തിവന്ന തെരച്ചിൽ താൽകാലികമായി നിർത്തി. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് സൈന്യം അടക്കമുള്ളവർ മൂന്നാം ദിനത്തെ തെരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴിന് തെരച്ചിൽ പുനരാരംഭിക്കും.