മാസപ്പടിയില്‍ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
Monday, February 12, 2024 1:32 PM IST
കൊച്ചി: മാസപ്പടി കേസില്‍ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്ഐഡിസിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രേഖകള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ഒരു തെളിവും ഇല്ലാതെയാണ് അന്വേഷണമെന്ന് കെഎസ്ഐഡിസി വാദിച്ചു. ഇതിനെ വിമർശിച്ച കോടതി അന്വേഷണത്തിൽ ആശങ്ക എന്തിനെന്നും തടയാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്നും കെഎസ്ഐഡിസി ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം നടക്കുന്നത് കെഎസ്ഐഡിസിക്കും നല്ലതല്ലേയെന്ന് കോടതി ചോദിച്ചു.
തങ്ങള്‍ക്ക് പണമൊന്നും കിട്ടിയിട്ടില്ലെന്നും സിഎംആര്‍എല്ലും എക്സാലോജികും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന് അറിഞ്ഞപ്പോള്‍, സിഎംആര്‍എല്ലിനോട് വിശദീകരണം ആരാഞ്ഞിരുന്നതായി കെഎസ്ഐഡിസി കോടതിയെ അറിയിച്ചു. സിഎംആർഎൽ അതിനു മറുപടി നല്‍കിയില്ലെന്ന് പറഞ്ഞപ്പോൾ എക്സാലോജിക് കരാറില്‍ സിഎംആര്‍എല്ലിനോട് വിശദീകരണം തേടിയതിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ കെഎസ്ഐഡിസിയോട് കോടതി ആവശ്യപ്പെട്ടു.
രേഖകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്ന് കെഎസ്ഐഡിസിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. പിന്നാലെ കേസിൽ അന്വേഷണം നടക്കുന്നതാണ് നല്ലതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തുടർന്ന് കേസ് 26ലേക്ക് മാറ്റിവച്ചു.
കെഎസ്ഐഡിസിയുടെയും ഷോൺ ജോർജിന്റെയും ഹർജികളിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഒന്നും ഭയക്കാനില്ലെങ്കില്‍ എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചിരുന്നു.