യുവാവിനെ കൊന്ന കടുവയെ പിടികൂടാൻ വനംവകുപ്പ്; കാൽപ്പാട് നോക്കി തിരച്ചിൽ
Sunday, December 10, 2023 12:24 PM IST
കല്‍പ്പറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് നീക്കം. കടുവയുടെ കാൽപ്പാടുകൾ നോക്കി തിരച്ചിൽ നടത്തും. തുടർന്ന് കെണി വയ്ക്കാനാണ് സാധ്യത.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.
അതേസമയം, കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി മരോട്ടിപ്പറമ്പിൽ പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം സംസ്കാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ച് പരിധിയിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂരിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ പുല്ലരിയാൻ പോയ പ്രജീഷ് ഉച്ചകഴിഞ്ഞും തിരിച്ചെത്താതായതോടെ ജ്യേഷ്ഠൻ മജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് ദാരുണരംഗം കണ്ടത്.
ഇടതുകാൽമുട്ടിനു മുകളിലുള്ള ഭാഗം വന്യജീവി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ശിരസിലും കടിയേറ്റ അടയാളമുണ്ട്. പ്രജീഷിനെ കൊന്നത് കടുവയാണെന്ന് കാൽപ്പാടുകൾ പരിശോധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വീടിന് ഏകദേശം അര കിലോമീറ്റർ അകലെ സ്വകാര്യ തോട്ടത്തിലാണ് പ്രജീഷ് പുല്ലരിയാൻ പോയത്. ജീപ്പ് വഴിയിൽ നിർത്തിയാണ് തോട്ടത്തിൽ കയറിയത്. പുല്ലരിഞ്ഞ ഭാഗത്തുനിന്നു കുറച്ചു മാറി ചതുപ്പിനു സമാനമായ സ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹം നീക്കം ചെയ്യാൻ രാത്രി വൈകിയും ഉദ്യോഗസ്ഥരെ പ്രദേശവാസികൾ അനുവദിച്ചിരുന്നില്ല. പ്രജീഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം പ്രഖ്യാപിക്കുക, കടുവയെ വെടിവച്ചു കൊല്ലുക, മൂടക്കൊല്ലി വനാതിർത്തിയിൽ മൂന്നു കിലോമീറ്റർ ഫെൻസിംഗ് അടിയന്തരമായി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളിൽ തീരുമാനമാകാതെ മൃതദേഹം നീക്കം ചെയ്യാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു ജനക്കൂട്ടം.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ് എന്നിവരടക്കം ജനപ്രതിനിധികളുമായി വനം ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയ്ക്കൊടുവിൽ രാത്രി ഒന്‍പതോടെയാണ് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയത്.
കുട്ടപ്പൻ-ശാരദ ദന്പതികളുടെ മകനാണ് അവിവാഹിതനായ പ്രജീഷ്. ജിഷ സഹോദരിയാണ്.കടുവയെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവിന് മുഖ്യ വനപാലകന് ശിപാർശ അയച്ചതായി ഡിഎഫ്ഒ ജനപ്രതിനിധികളെ അറിയിച്ചു.
10 ലക്ഷം രൂപ നഷ്ടപരിഹാരത്തിൽ അഞ്ചു ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും. വനാതിർത്തിയിൽ തൂക്കുവേലി നിർമിക്കും. പ്രദേശത്തെ തോട്ടങ്ങളിലെ കാട് വെട്ടിനീക്കുന്നതിന് റവന്യു അധികാരികൾ മുഖേന ഉടമകൾക്ക് നിർദേശം നൽകുമെന്നും ചർച്ചയിൽ ഡിഎഫ്ഒ വ്യക്തമാക്കി.
ഈ വർഷം വയനാട്ടിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് പ്രജീഷ്. വടക്കേ വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കുടുവ ആക്രമണത്തിൽ പള്ളിപ്പുറം തോമസ് (സാലു-50) എന്ന കർഷകൻ ജനുവരി 12നാണ് മരിച്ചത്. ജനുവരി 11ന് കൃഷിയിടത്തിലാണ് തോമസിനെ കടുവ ആക്രമിച്ചത്.