ഇതൊന്നും ചോദ്യംചെയ്യാൻ ചങ്കുറപ്പുള്ള ഒരു നേതാവുമില്ല: സർക്കാരിനെതിരേ സുരേഷ് ഗോപി
Friday, December 1, 2023 2:45 PM IST
കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്നും കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലായിൽ വികസിത് ഭാരത് സങ്കൽപ് യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പല പദ്ധതികളും കേന്ദ്രം നടപ്പാക്കുന്നുണ്ടെങ്കിലും കേരളം ഭരിക്കുന്നവരുടെ ദുഷ്ചെയ്തി കൊണ്ട് പാവങ്ങളുടെ കരങ്ങളിലേക്ക് ഇവ എത്തുന്നില്ല. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും കേരളത്തില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപിക്കെതിരെ ഏറ്റവുമധികം എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള ഡിഎംകെ ഭരിക്കുന്ന നാട്ടിൽ ആവാസ് യോജന, മുദ്ര തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് പരിശോധിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നാണിച്ച് തലകുനിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.