ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെ നിശ്ചയിച്ചത് ആരാണ്? അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രി
Wednesday, November 29, 2023 1:09 PM IST
നിലമ്പുർ: രാഹുല്‍ ഗാന്ധി നിര്‍മാണോദ്ഘാടനം നടത്താനിരുന്ന റോഡുകൾ പി.വി. അന്‍വര്‍ എംഎൽഎ ഉദ്ഘാടനം ചെയ്ത സംഭവത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
നിലമ്പുർ റോഡ് നിർമാണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ നിശ്ചയിച്ചത് ആരാണെന്നും ഏതു പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
ഇന്ന് വൈകുന്നേരം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന നിലമ്പുരിലെ പിഎംജിഎസ്വൈ റോഡുകളുടെ നിര്‍മാണോദ്ഘാടനമാണ് സ്ഥലം എംഎൽഎയായ പി.വി. അൻവർ നിര്‍വഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സർക്കുലർ ലംഘിച്ച് ഉദ്ഘാടനം നിർവഹിച്ച അൻവറിന്റെ നടപടി വിവാദത്തിലായിരുന്നു.
പിഎംജിഎസ്വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപിമാരാണെന്നിരിക്കെ എംഎൽഎയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു.