എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്, അതിലപ്പുറമൊന്നുമില്ല: പി. ശശി
Tuesday, October 1, 2024 3:48 PM IST
കണ്ണൂര്‍: പി.വി. അൻവറിന്റെ പരാതി പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി. ശശി. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതിലപ്പുറമൊന്നും വ്യക്തിപരമായി പറയാനില്ലെന്ന് ശശി വ്യക്തമാക്കി.
നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും, എന്തും പുറത്തുവിട്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താങ്കളെ അന്‍വര്‍ ആക്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, നിങ്ങള്‍ എന്നെ ആക്രമിക്കുന്നതിന്റെ ആവശ്യമെന്താണെന്നാണ് ശശി പ്രതികരിച്ചത്.
തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന് അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് ശശിക്കെതിരേ സിപിഎം സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിയിലുള്ളത്.
കരിപ്പുര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നവരെ പിടികൂടി പോലീസിലെ ഒരു വിഭാഗം സ്വര്‍ണം അടിച്ചുമാറ്റുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി അറിയാതെപോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ടെന്നാണ് പറയപ്പെടുന്നതെന്ന് അൻവർ പരാതിയിൽ ആരോപിക്കുന്നു.
വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി. ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നുണ്ട്. ചില കേസുകളില്‍ രണ്ടു പാര്‍ട്ടിക്കാരും തമ്മില്‍ രഞ്ജിപ്പുണ്ടാക്കി ഇവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി നിന്ന് കമ്മീഷന് കൈപ്പറ്റുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും താങ്ങാനാവാത്ത മാനക്കേടും നാണക്കേടും നേരിടേണ്ടി വരുമെന്നും അന്‍വര്‍ പരാതിയില്‍ സൂചിപ്പിക്കുന്നു.
ഗുരുതര സ്വഭാവമുള്ള പരാതി കിട്ടിയിട്ടും ഒരന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രിയും പിന്നാലെ പാർട്ടിയും ശശിക്ക് പൂർണ പിന്തുണ നൽകിയത്. താഴേക്കിടയിലുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയരുതെന്ന പി. ശശിയുടെ നിഗൂഢ അജണ്ട പാര്‍ട്ടി ഗൗരവമായി പരിശോധിക്കണമെന്നും അൻവർ പറയുന്നു.