ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴയെത്തും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, October 1, 2024 3:19 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.