സ്വർണവില സർവകാല റിക്കാർഡിലേക്ക്; പവന് കൂടിയത് 600 രൂപ, 46000 കടന്നു
Wednesday, November 29, 2023 11:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റിക്കാർഡിൽ. പവന് ഇന്ന് 600 രൂപ വർധിച്ചു, ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 46,480 ആയി ഉയർന്നു. ഗ്രാമിന് 75 രൂപ കൂടി 5810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയാണ്.
തിങ്കളാഴ്ച സ്വർണത്തിന് 200 രൂപ കൂടി 45,880ൽ എത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച മാറ്റമില്ലാതെ തുടർന്നു. ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.
രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നതാണ് സംസ്ഥാന വിപണിയിലും വിലവർധിക്കാൻ കാരണമായത്. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 2,045 ഡോളറായി.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 1320 രൂപയുടെ വർധനയാണ് സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ സ്വർണവിപണിയിൽ വിലയുടെ കാര്യത്തിൽ വർധന തുടരാനാണ് സാധ്യത.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെളളിയുടെ വിപണിവില 103 രൂപയുമാണ്.