നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇന്ത്യാ സഖ്യത്തെ ബാധിക്കില്ലെന്ന് ശരദ് പവാർ
Sunday, December 3, 2023 2:38 PM IST
മുംബൈ: രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തെ ബാധിക്കില്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ സഖ്യനേതാക്കൾ യോഗം ചേർന്ന് ഫലം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നാലിൽ മൂന്നു സംസ്ഥാനങ്ങളിലും ഇന്ത്യാ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന് വൻതിരിച്ചടിയാണ് നേരിട്ടത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നഷ്ടമായപ്പോൾ മധ്യപ്രദേശിൽ വൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം, തെലുങ്കാനയിൽ ഭരണം പിടിക്കുകയും ചെയ്തു.
ബുധനാഴ്ച ഡൽഹിയിലാണ് ഇന്ത്യാ മുന്നണിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനെ ഏത് രീതിയിൽ നേരിടണമെന്നുള്ളതാകും ആറിന് നടക്കുന്ന യോഗം പ്രധാനമായും ചർച്ച ചെയ്യുകയെന്നാണ് സൂചന.
സഖ്യനീക്കങ്ങളെ കോൺഗ്രസ് തീർത്തും അവഗണിക്കുകയാണെന്ന വിമർശനമുന്നയിച്ച് നിധീഷ് കുമാറടക്കമുള്ള നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയോടെ മുന്നണിയിൽ കോൺഗ്രസിന്റെ മേൽക്കൈ അടക്കം ചോദ്യംചെയ്യപ്പെടാനാണ് സാധ്യത.