"ഇത് രണ്ടാംജന്മം': വെന്റിലേറ്ററിൽ നിന്നു ജീവിതത്തിലേക്ക് ഷേബയും ഗീതാഞ്ജലിയും
Wednesday, December 6, 2023 3:33 PM IST
കൊച്ചി: കുസാറ്റ് അപകടത്തിൽ ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ടു വിദ്യാർഥികൾ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി വിനോദ് എന്നിവരാണ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടത്. എറണാകുളം ജില്ലാകളക്ടർ എൻ.എസ്.കെ. ഉമേഷും മെഡിക്കൽ സംഘവും ഇരുവർക്കും ആശംസ നേരാനെത്തിയിരുന്നു.
കഴിഞ്ഞമാസം 25ന് കുസാറ്റിലെ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു അങ്കമാലി എസ്യുഎംഎസ് കോളജിലെ വിദ്യാർഥിനിയായ ഷേബയ്ക്കും കുസാറ്റിലെ മൂന്നാം സെമസ്റ്റർ ഇലക്ട്രോണിക്സ് വിദ്യാർഥിനിയായ ഗീതാഞ്ജലിക്കും പരിക്കേറ്റത്. തിക്കിലും തിരക്കിലുംപെട്ട് ചവിട്ടേറ്റ് ശ്വാസകോശത്തിനും കരളിനും തലച്ചോറിനും ഇടുപ്പെല്ലിനുമാണ് ഇരുവർക്കും ഗുരുതരപരിക്കേറ്റത്. ആരോഗ്യം പൂർണമായും വീണ്ടെടുക്കുന്നതിന് ഇരുവർക്കും തുടർചികിത്സ വേണം.
പത്തുദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് ഇരുവരും പുറത്തിറങ്ങിയത്. തിരികെ ലോകം കാണുന്നത് പുനർജന്മമാണെന്ന് ഇരുവരും പ്രതികരിച്ചു.
അന്ന് ഒരു ശില്പശാലയിൽ പങ്കെടുക്കാനാണ് പോയതെന്നും അപ്രതീക്ഷിത അപകടത്തിനു ശേഷം എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ ഓർമയില്ലെന്നും ഷേബ പറഞ്ഞു. തനിക്ക് ശരിക്കുമൊരു പുനർജന്മം പോലെയാണ് തോന്നുന്നതെന്നാണ് ഗീതാഞ്ജലി പ്രതികരിച്ചത്. ആശുപത്രിക്കും ഡോക്ടർമാർക്കും നന്ദിപറഞ്ഞ ഗീതാഞ്ജലി കൂട്ടുകാരി സാറ തോമസിന്റെ മരണത്തിലെ വിഷമവും പങ്കുവച്ചു.
ദുരന്തത്തെ അതിജീവിച്ചവർക്ക് മാനസികപിന്തുണ നല്കി മാതാപിതാക്കളും അധ്യാപകരും സഹപാഠികളും എന്നുമുണ്ടാകണമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.