മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല
Tuesday, April 16, 2024 12:21 PM IST
കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ അനിശ്ചിതത്വം. ഇന്ന് രാവിലെ 10:30ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കർത്ത ഇതുവരെ എത്തിയിട്ടില്ല.
കേസിൽ തിങ്കളാഴ്ച ഹാജരാകാന്‍ കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. നേരത്തേ ഇഡി സമന്‍സിനെതിരേ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം കേസില്‍ മൂന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം ഇഡി വിട്ടയച്ചത്.
24 മണിക്കൂറോളമാണ് ഇഡി മൂവരെയും ചോദ്യം ചെയ്തത്. വീണാ വിജയന് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.