മകനെ കൊന്നതു തന്നെ, സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങി: ആരോപണവുമായി ബാലഭാസ്കറിന്റെ പിതാവ്
Friday, November 29, 2024 12:04 PM IST
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം കൊലപാതകം തന്നെയെന്ന് പിതാവ് ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐ ഉള്‍പ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. എന്നാല്‍, എവിടെയും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ നല്‍കിയിട്ടുള്ളതെന്നാണ് അറിഞ്ഞത്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണ സംഘങ്ങള്‍ ശ്രമിക്കുന്നത്. സിബിഐ പോലും അവരുടെ സ്വാധീനത്തിന് വഴങ്ങിയെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പിടിയിലായവരിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനും ഉള്‍പ്പെട്ടിരുന്നു. കേസിൽ 13 പേർ ഇതിനകം തന്നെ പോലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അർജുനും.
അര്ജുന് മുമ്പ് ഒരു എടിഎം കവര്‍ച്ച കേസിലും മറ്റൊരു മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്ക്കറിന്റെ മരണശേഷമാണ് ഇത് ഞങ്ങള്‍ അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്കര്‍ മരിച്ച സമയത്ത് താനായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അര്ജുന് എംഎസിടിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു.