മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത; ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
Tuesday, April 16, 2024 12:58 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പുകള്‍ അതീജീവിതയ്ക്ക് നല്‍കുന്നതിനെതിരെയുള്ള പ്രതി ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഉച്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞേക്കും.
വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പുകള്‍ അതിജീവിതയ്ക്ക് നല്‍കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് ദിലീപ് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. നേരത്തേ തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങള്‍ പരിഗണിക്കരുതെന്നും അത് സുപ്രീംകോടതി വിധികളുടെ ലംഘനമെന്നുമായിരുന്നു ദിലീപിന്റെ വാദം.
എന്നാല്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ മൊഴികള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്ന് അതിജീവിത കോടതിയെ അറിയിച്ചു. മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ല. കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന് കോടതിയില്‍ ചോദിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ ജില്ലാ ജഡ്ജിയാണ് വസ്തുതാന്വേഷണം നടത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് അതിജീവിതയ്ക്ക് ലഭിച്ചത്. പിന്നാലെ മൊഴിപ്പകര്‍പ്പുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ മൊഴിപ്പകര്‍പ്പുകളുടെ സര്‍ട്ടിഫൈഡ് കോപ്പി അതിജീവിതയ്ക്ക് നല്കാന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ദിലീപിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഇതോടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.