സ്ഥലമെടുപ്പ്: വിദഗ്ധസമിതി പരിശോധിക്കണമെന്ന് മലയാള സർവകലാശാല
Tuesday, July 11, 2017 8:52 AM IST
തിരൂർ: മലയാള സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനമന്ദിരം പണിയുന്നതിനുള്ള ഭൂമി സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു മുന്പ് റവന്യൂ, പരിസ്ഥിതി, മരാമത്ത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന സമിതി സ്ഥലം പരിശോധിച്ച് ആശങ്ക ദുരീകരിക്കണമെന്ന് വൈസ്ചാൻസലർ കെ. ജയകുമാർ.
വിവാദങ്ങൾ അവസാനിപ്പിക്കാതെ സ്ഥലം ഏറ്റെടുക്കുന്നത് മലയാള സർവകലാശാലയ്ക്ക് കളങ്കം വരുത്തിവയ്ക്കുമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി.
മലയാള സർവകലാശാലയ്ക്ക് സ്ഥിരം ആസ്ഥാനത്തിനു വേണ്ടി തിരൂർ താലൂക്കിലെ വെട്ടം വില്ലേജിൽ കണ്ടെത്തിയ പതിനേഴ് ഏക്കറോളം ഭൂമി വാങ്ങാൻ സർക്കാർ മലപ്പുറം കളക്ടറെ അധികാരപ്പെടുത്തിയിരുന്നു. കളക്ടറുടെ അധ്യക്ഷതയിലുള്ള വിലനിർണയസമിതി വില നിശ്ചയിച്ച് സർക്കാരിനെ അറിയിച്ചെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. രണ്ടു വർഷം മുന്പ് ഇതേസ്ഥലം ചൂണ്ടിക്കാട്ടുകയും വില നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനേക്കാൾ മെച്ചപ്പെട്ട സ്ഥലം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ സ്ഥലമേറ്റെടുക്കൽ നിലച്ചു. തുടർന്ന് വിദഗ്ധ സമിതി നടത്തിയ പരിശോധനയിൽ ആദ്യ സ്ഥലമാണ് മികച്ചതെന്ന് കണ്ടെത്തി.
സർക്കാർ തുടർനടപടി കൈക്കൊള്ളുന്നതിനിടെയാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമന്നും വില കൂടുതലാണെന്നും ആരോപണമുയരുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.