ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ അലോട്ട്മെന്റ് സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി മുന്‍പ് ലഭിച്ച ആപ്ലിക്കേഷൻ നന്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ക്യാപ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. തുടർന്ന് സർവകലാശാലയ്ക്കുള്ള ഫീസടച്ച് ഉചിതമായ പ്രവേശനം (സ്ഥിര/താത്കാലികപ്രവേശനം) തെരഞ്ഞെടുക്കണം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് സ്ഥിരപ്രവേശം മാത്രമേ തെരഞ്ഞെടുക്കാനാകൂ. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് താത്കാലിക പ്രവേശം തെരഞ്ഞെടുക്കാം. ഇതിനുശേഷം ലഭ്യമാവുന്ന അലോട്ട്മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ടു പിന്നീട് സർവകലാശാല നിഷ്കർഷിക്കുന്ന സമയത്ത് കോളജുകളിൽ സമർപ്പിക്കണം.
ഈ പ്രക്രിയ പൂർത്തീകരിച്ചതിനുശേഷം അപേക്ഷകർ അലോട്ടുമെന്റ് ലഭിച്ച കോളജുമായി ഫോണിൽ ബന്ധപ്പെട്ട് കോളജ് നിഷ്കർഷിക്കുന്ന ഓണ്‍ലൈൻ രീതിയിൽ ഫീസടച്ച് പ്രവേശനം ’കണ്‍ഫേം’ ചെയ്യണം. സ്ഥിരപ്രവേശം ലഭിക്കുന്നവർ മാത്രമേ കോളജുകളിൽ ഫീസടയ്ക്കേണ്ടതുള്ളൂ. എല്ലാ അപേക്ഷകരും പ്രവേശനം കണ്‍ഫേം ചെയ്യുന്നതിനായി കോളജുകൾ പ്രവേശനത്തിനായി നൽകിയ ഫോണ്‍ നന്പരിൽ ബന്ധപ്പെടണം.
കോളജുകളുമായി ബന്ധപ്പെടേണ്ട ഫോണ്‍ നന്പരുകൾ ക്യാപ്പ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സ്ഥിരപ്രവേശം തെരഞ്ഞെടുത്തവർ പ്രവേശന സമയത്ത് ടിസി, കോണ്ടക്്ട് സർട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്ട്്മെന്റ് മെമ്മോ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് കോളജ് നിർദ്ദേശിക്കുന്നമെയിൽ വിലാസത്തിലേക്ക് അയച്ചു നൽകണം. പ്രവേശനം നേടി 15 ദിവസത്തിനകം ടിസി, കോണ്ടക്്ട് സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ കോളജുകളിൽ തപാൽമാർഗമോ മറ്റു മാർഗങ്ങളിലോ സമർപ്പിക്കണം.
രണ്ടാം അലോട്ട്മെന്റ് ലഭിച്ചവർക്ക് 28 വരെ കോളജ് തലത്തിൽ പ്രവേശനം ’കണ്‍ഫേം’ ചെയ്യാം. 28നു ശേഷം നിശ്ചിത സർവകലാശാല ഫീസടച്ച് കോളജുകളുമായി ബന്ധപ്പെട്ട് സ്ഥിര, താത്കാലിക പ്രവേശനം കണ്‍ഫേം ചെയ്യാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
അലോട്ട്മെന്റ് ലഭിച്ചവർ കോളജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. നിലവിൽ താത്കാലിക പ്രവേശനം ലഭിച്ചിട്ടുള്ളവർക്ക് രണ്ടാം അലോട്ട്മെന്റിലും അതേ സ്റ്റാറ്റസ് തന്നെയാണെങ്കിൽ അപേക്ഷകർ ഒന്നും ചെയ്യേണ്ടതില്ല. മൂന്നാം അലോട്ട്മെന്റിനായി കാത്തിരിക്കാവുന്നതും ആവശ്യമെങ്കിൽ നിശ്ചിത തീയതികളിൽ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാവുന്നതുമാണ്. കോളജുകളിൽ പ്രവേശനം കണ്‍ഫേം ചെയ്തവർ ക്യാപ് വെബ്സൈറ്റിൽ 28നു മുന്‍പായി ലോഗിൻ ചെയ്ത് കണ്ഫർമേഷൻ സ്ലിപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. കോളജുകൾ പ്രവേശനം കണ്‍ഫേം ചെയ്തതിന്റെ തെളിവാണ് കണ്ഫർമേഷൻ സ്ലിപ് എന്നതിനാൽ നിശ്ചിത സമയത്ത് പരിശോധിച്ച് പ്രവേശനം ഉറപ്പാക്കാൻ അപേക്ഷകൻ ശ്രദ്ധിക്കണം. നിശ്ചിത തീയതിക്കു ശേഷം ഇതു സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതല്ല. ഓപ്ഷനുകൾ പുനക്രമീകരിക്കാനും ഒഴിവാക്കാനും 29, 30 തീയതികളിൽ സൗകര്യം ലഭിക്കും.
എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ മൂന്നുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മാസ്റ്റർ ഓഫ് ടൂറിസം അഡ്മിനിസ്ട്രേഷൻ (2018 അഡ്മിഷൻ റെഗുലർ, 2018ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ മൂന്നുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഗ്രേസ് മാർക്ക് വിതരണത്തിന് അപേക്ഷിക്കാം
പുനർമൂല്യനിർണയം, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന 2017 അഡ്മിഷൻ (സിബിസിഎസ്) റെഗുലർ വിദ്യാർഥികൾക്ക് ഗ്രേസ്മാർക്കുകൾ ഉൾപ്പെടുത്തിയ പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നതിനായി അപേക്ഷിക്കാം. ഇപ്രകാരം അപേക്ഷിക്കുന്നതനുസരിച്ച് ഗ്രേസ് മാർക്ക് വിതരണം നടത്തുന്പോൾ നിലവിൽ ലഭിച്ച മാർക്കുകൾക്കൊപ്പം ഗ്രേസ് മാർക്കുകൾ കൂട്ടിച്ചേർക്കും. ഒരു തവണ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തി പരീക്ഷഫലം പ്രസിദ്ധീകരിച്ചാൽ ഗ്രേസ്മാർക്ക് പുനർവിതരണത്തിനോ വരാനുള്ള പുനർമൂല്യനിർണയം, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷഫലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് അർഹതയുണ്ടാവില്ല. ഈ രീതിയിൽ ഗ്രേസ് മാർക്ക് നൽകി വിദ്യാർഥി ജയിക്കുകയാണെങ്കിൽ ഇതുവരെ ഫലം പ്രസിദ്ധീകരിക്കാത്ത അനർഹമായ പരീക്ഷകൾ റദ്ദുചെയ്യപ്പെടും. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷഫോം സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിൽ ലഭിക്കും.