ഞാൻ 12ാം ക്ലാസ് സയൻസ് ഗ്രൂപ്പ് വിദ്യാർഥിയാണ്. എനിക്ക് തുടർപഠനം ബേസിക് സയൻസിൽ തുടരാനാണാഗ്രഹം. ഡ്യുവൽ ഡിഗ്രി, ഇന്റിഗ്രേഡ് ഡിഗ്രി എന്നിങ്ങനെ കോഴ്സുകൾ ഉണ്ടെന്ന് അറിയാം. എന്താണീ കോഴ്സൂകൾ. ഇവയുടെ പ്രത്യേകത എപ്രകാരമാണ്?
അനിൽകുമാർ, മൂന്നാർ
വിവിധ സർവകലാശാലകളും കോളജ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളും ഇന്റിഗ്രേറ്റഡ് പ്രോഗ്രാമുകളും നടത്തുന്നുണ്ട്. ഈ രണ്ടു പ്രോഗ്രാമുകൾക്കും തമ്മിൽ കാര്യമായി വ്യത്യാസമുണ്ട്.
ഡ്യുവൽ ഡിഗ്രി
ഡ്യുവൽ ഡിഗ്രി പ്രോഗ്രാം പഠിക്കുന്ന ഒരു വിദ്യാർഥിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവ് പൂർത്തിയാകുന്പോൾ രണ്ടു വ്യത്യസ്ത വിഷയങ്ങളിൽ രണ്ടു ബിരുദം ലഭിക്കും. ഉദാഹാരണത്തിന് ഒരു വിദ്യാർഥി ഇന്റർ ഡിസിപ്ലിനറിയായ ബിടെക് ഡ്യൂവൽ ഡിഗ്രിയിൽ ചേരുന്നു. പഠിക്കുന്ന വിഷയങ്ങൾ ബിടെക് ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗും എംടെക് ഇൻ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളിജിയും ആണെങ്കിൽ ബിരുദതലത്തിലെ ബിരുദവും ബിരുദാനന്തര തലത്തിലും വിദ്യാർഥി പഠിച്ചിട്ടുള്ളത് വ്യത്യസ്തവിഷയങ്ങളാണ്. എന്നാൽ, പഠനദൈർഘ്യം സാധാരണഗതിയിൽ ആറുവർഷം ആകേണ്ടത് അഞ്ചുവർഷംകൊണ്ട് ഈ പഠനം പൂർത്തിയാക്കാൻ കഴിയുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. വ്യത്യസ്ത വിഷയങ്ങളിലുള്ള ബിരുദം ഒരേ സമയത്ത് വിവിധ വിഷയങ്ങളിൽ പ്രാപ്തി നൽകുന്നു.
ഇന്റഗ്രേറ്റഡ്
ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ അനുവദിച്ചിട്ടുള്ള സമയദൈർഘ്യത്തിൽ ഒരു വിഷയത്തിൽത്തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും ലഭിക്കും. ഉദാഹരണത്തിന് ഒരു വിദ്യാർഥി ഇന്റിഗ്രേറ്റഡ് ബിഎസ്എംഎസ് പ്രോഗ്രാം ഇൻ കെമിസ്ട്രി ഐസറിൽ പഠിച്ചാൽ ആ പ്രോഗ്രാം തീരുന്പോൾ ആ വിദ്യാർഥിയുടെ എംഎസ് ഡിഗ്രി കെമിസ്ട്രിയിലായിരിക്കും. എന്നാൽ ഈ കോഴ്സിന്റെ പഠനത്തിന്റെ ആദ്യ സെമസ്റ്ററുകളിലും വർഷങ്ങളിലും കെമിസ്ട്രി കൂടാതെ അടിസ്ഥാനശാസ്ത്ര വിശയങ്ങളും ചിലപ്പോൾ മാനവിക വിഷയങ്ങളും പഠിപ്പിക്കുന്നുണ്ടാവും. എങ്കിലും വ്യത്യസ്ഥങ്ങളായ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നൽകില്ല. എന്നാൽ പഠനത്തിന്റെ കാലദൈർഘ്യം കുറയ്ക്കാൻ കഴിയും.
ഞാൻ ഒന്നാംവർഷ ബിടെക് പഠനം ആരംഭിച്ച വിദ്യാർഥിയാണ്. എൻജിനിയറിംഗ് പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന സ്കോളർഷിപ്പാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റ്് സ്കോളർഷിപ്പ് എന്നറിയുന്നു. ഇതിനെക്കുറിച്ചൊന്ന് വിശദീകരിക്കാമോ?
ജോൺ ജോസഫ്, പാലാ
12ാം ക്ലാസ് പഠനം കഴിഞ്ഞ് ഒന്നാംവർഷ എൻജിനിയറിംഗ് മെഡിക്കൽ പഠനം നടത്തുന്ന മിടുക്കരായ വിദ്യാർഥികൾക്കായി 300 സ്കോളർഷിപ്പുകളാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകുന്നത്. ഈ സ്കോളർഷിപ്പുകൾ തുല്യമായി രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽനിന്നും 12ാം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണമനുസരിച്ച് വീതിച്ചു നൽകും. ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ഒരു വിദ്യാർഥിക്ക് പഠന കാലയളവിൽ മുഴുവനായും മാസംതോറും 3000 രൂപ വീതം കോർപറേഷൻ നൽകും. ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ താഴെപ്പറയുന്ന യോഗ്യതകളുണ്ടാകണം.
അപേക്ഷകൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒന്നാംവർഷ എൻജിനിയറിംഗോ മെഡിസിനോ പഠിക്കുന്ന വിദ്യാർഥി ആയിരിക്കണം.
അപേക്ഷകന്റെ കുറഞ്ഞ പ്രായം 15നും 30 നും ഇടയിലാ യിരിക്കണം. എന്നാൽ, പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ടവർക്ക് അഞ്ചുവർഷത്തെ പ്രായ ഇളവും മറ്റു പിന്നോക്ക സമുദായങ്ങൾക്ക് മൂന്നുവർഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്.
പൊതുവിഭാഗത്തിൽപ്പെട്ട അപേക്ഷകൻ കുറഞ്ഞത് 65 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിട്ടുണ്ടാകണം. പിന്നോക്ക വിഭാഗം വിദ്യാർഥികൾ 60 ശതമാനം മാർക്കിൽ പാസാകണം.
ജനറൽ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളും 60 ശതമാനം മാർക്കോടെ ജയിച്ചാൽ മതി. അപേക്ഷകന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
തയാറാക്കിയത്
ബാബു പള്ളിപ്പാട്ട്
ചോദ്യങ്ങൾ അയയ്ക്കേണ്ട ഇ മെയിൽ
[email protected]