മലയാള സർവകലാശാല കാംപസിൽ ഭാഷാമികവുകേന്ദ്രം വരുന്നു
തിരൂർ: മലയാള സർവകലാശാല കാന്പസിൽ മലയാളഭാഷാമികവ് കേന്ദ്രം സ്ഥാപിക്കാൻ സിൻഡിക്കറ്റ് തീരുമാനം. വിവർത്തനപദ്ധതി കേന്ദ്രം തുടങ്ങാനും തീരുമാനമായി. കേന്ദ്രമാനവവിഭവശേഷി വികസനമന്ത്രാലയം സംസ്ഥാനത്തിന് അനുവദിച്ച മലയാളഭാഷ മികവ് കേന്ദ്രം മലയാള സർവകലാശാലയിൽ സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
മലയാള സർവകലാശാല സന്ദർശിച്ച സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് സംഘം സമർപ്പിച്ച റിപ്പോർട്ടും അനുകൂലമായി. സർക്കാർ അനുമതിയോടെ എംഎച്ച്ആർഡി മലയാള സർവകലാശാലയുമായി ഇനി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇതരഭാഷകളിലെ വൈജ്ഞാനിക ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കാനാണ് പുതിയ പദ്ധതി. സർവകലാശാല കാന്പസിൽ 2.30 കോടി രൂപ ചെലവഴിച്ച് മലയാളഭാഷ മികവ് കേന്ദ്രം സ്ഥാപിക്കും. നിർമാണ ചുമതല കോസ്റ്റ് ഫോർഡിനെ ഏൽപ്പിക്കും. അക്കഡേമിക് സമിതിയും ഗവേഷണ കൗണ്‍സിലും പൊതുസഭയും പുനഃസംഘടിപ്പിച്ചു. സർവകലാശാലയിലെ സ്ഥിരം സീനിയർ അധ്യാപകരെ അതത് വിഭാഗത്തിന്റെ വകുപ്പ് തലവൻമാരാക്കും. പാഠ്യപദ്ധതിയും പരിഷ്കരിച്ചും കോഴ്സുകൾ പുനഃസംഘടിപ്പിച്ച് എല്ലാ കോഴ്സുകൾക്കും വൈജ്ഞാനിക മലയാളം പാഠ്യപദ്ധതിയായി ഉൾപ്പെടുത്തി. സാഹിത്യവിഭാഗം നടത്തുന്ന രണ്ട് കോഴ്സുകൾക്ക് സംസ്കൃതഭാഷ കൂടി ഉൾപ്പെടുത്തി. അക്കഡേമിക് താൽപര്യം മുൻനിർത്തി കഴിഞ്ഞ മാർച്ച് മുതൽ വൈസ് ചാൻസലർ എടുത്ത തീരുമാനങ്ങൾ നിർവാഹകസമിതിയോഗം അംഗീകരിച്ചു.
കംപ്യൂട്ടർ സയൻസ്, ഗണിതം, എൽഎൽബി തുടങ്ങിയ പുതിയ കോഴ്സുകളും, ലിപി വിജ്ഞാനീയം, വാദ്യം എന്നീ വിഷയങ്ങളിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപസമിതി രൂപീകരിക്കും.എഴുത്തച്ഛൻ പഠനകേന്ദ്രം ഭാഷാശാസ്ത്രഫാക്കൽറ്റിയിൽ നിന്ന് മാറ്റി സാഹിത്യ ഫാക്കൽറ്റിയുടെ കീഴിൽ കൊണ്ടുവരുവാനും അതിനെ ഗവേഷണകേന്ദ്രമാക്കുവാനും ഡോ. കെ. എം.അനിലിനെ പഠനകേന്ദ്രത്തിന്റെ ചുമതല നൽകുവാനും നിർവാഹകസമിതിയോഗം തീരുമാനിച്ചു. ഇതിന് പുറമെ അഞ്ച് ഉപസമിതികളും രൂപീകരിച്ചു. കമ്മിറ്റിയും കണ്‍വീനർമാരും: സി.പി.ചിത്രഭാനു (സ്റ്റാഫ് ആൻഡ് ഫിനാൻസ് ) ഡോ.ചാത്തനാത്ത് അച്യുതനുണ്ണി (കോഴ്സുകളും ഗവേഷണവും) ഡോ.എ.കെ. നന്പ്യാർ (പരീക്ഷാകാര്യം) മട്ടന്നൂർ ശങ്കരൻകുട്ടി (ആസൂത്രണവും വികസനവും) ഹരികൃഷ്ണപാൽ (വിദ്യാർഥി ക്ഷേമം)
ഡോ.അനിൽ വള്ളത്തോൾ വൈസ് ചാൻസലറായി ചുമതല ഏറ്റെടുത്തതിന് ശേഷം കാലാവധി അവസാനിച്ച എട്ട് പഠനബോർഡുകളാണ് പുനഃസംഘടിപ്പിച്ചത്. യോഗത്തിൽ വൈസ് ചാൻസലർ അധ്യക്ഷനായി. മട്ടന്നൂർ ശങ്കരൻകുട്ടി, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. സി.പി.ചിത്രഭാനു, ഡോ. എ.കെ.നന്പ്യാർ എന്നിവരും സർക്കാർ വകുപ്പ് സെക്രട്ടറിമാരും വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണപാലും യോഗത്തിൽ പങ്കെടുത്തു.